ഷാൾ ഇടരുത് നിലത്തു കിടക്കുന്ന സാധനങ്ങൾ കുനിഞ്ഞു എടുക്കണം - കോളേജിലെ ചെയർമാന്റെ ഓർഡർ ഇതാണ്...

കോട്ടയം മറ്റക്കരയിലുള്ള ടോംസ് എഞ്ചിനീയറിംങ് കോളേജിനെ വിദ്യാര്‍ത്ഥികള്‍ വിളിക്കുന്നത് ക്യാംപെന്നാണ്.

കോണ്‍സെന്‍ട്രേഷന്‍ ക്യാംപിന്റെ ചുരുക്കപ്പേരാണ് ക്യാംപ്. ഇതൊരു റെസിഡന്‍ഷ്യല്‍ കോളജാണ്. അതുകൊണ്ട് തന്നെ രാവിലെ അഞ്ചു മണിക്ക് ആരംഭിക്കുന്ന വിദ്യാര്‍ത്ഥി പീഡനങ്ങള്‍ അവസാനിക്കുന്നത് രാത്രി പതിനൊന്നു മണിയോടെയാണ്.

രാവിലെ ആറുമണി മുതല്‍ എട്ടുമണി വരെ ഹോസ്റ്റലിലെ ബെഞ്ചില്‍ ഇരുന്നു വിദ്യാര്‍ത്ഥികള്‍ പഠിക്കണം. ആരെങ്കിലും ഉറക്കം തൂങ്ങിയാല്‍ ചെയര്‍മാന്റെ ശിക്ഷ വരും. നാലു നിലയുള്ള കെട്ടിടത്തിന്റെ സ്റ്റെയര്‍കേസ് പത്തുവട്ടം ഓടിക്കയറണം. ചിലപ്പോള്‍ അതിലും നില്‍ക്കില്ല. കോളേജ് ഹോസ്റ്റലിലെ ടോയ്‌ലെറ്റുകള്‍ മുഴുവന്‍ വൃത്തിയാക്കാനും നിര്‍ദ്ദേശം വരും. ഹോസ്റ്റലില്‍ വാര്‍ഡനും ജീവനക്കാരുമൊന്നുമില്ല. ടോയ്‌ലെറ്റ് കഴുകല്‍ മുതല്‍ മെസില്‍ ചപ്പാത്തി പരത്തുന്നതുവരെ വിദ്യാര്‍ത്ഥികളാണ്. ചെയര്‍മാന്റെ ആശ്രിതവത്സലരായ സീനിയര്‍ വിദ്യാര്‍ത്ഥികളെയാണ് ഹോസ്റ്റലുകളുടെ വാര്‍ഡനായി നിയമിക്കുന്നത്.

ഒമ്പതുമണിമുതല്‍ അഞ്ചു മണി വരെയാണ് റെഗുലര്‍ ക്ലാസ് ടൈം. ക്ലാസ് റൂമിലേക്കു പോകുന്ന വഴി ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിക്കാന്‍ പാടില്ല എന്നൊരു അലിഖിത നിയമമുണ്ട്. ക്ലാസ് റൂമിന്റെയും കോളേജിന്റെ മുക്കിലും മൂലയിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിക്കുന്നതു കണ്ടാല്‍ ക്യാബിനില്‍ വിളിച്ചു വരുത്തി ചീത്തവിളിക്കലും ഫൈനുമുണ്ടാകും. രണ്ട് ആണ്‍കുട്ടികള്‍ ഒരുമിച്ചു നടക്കുന്നതു വരെ മറ്റക്കര എഞ്ചിനീയിറിങ് കോളേജില്‍ വിലക്കിയിട്ടുണ്ട്. മാസത്തിലൊരിക്കല്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ പോകാന്‍ അവധി നല്‍കുന്നത്.

രാവിലെ ഒമ്പതു മണിക്കു ക്ലാസ് തുടങ്ങുന്നതിനു മുമ്പ് ആണ്‍കുട്ടികള്‍ വന്നു ക്ലാസില്‍ കയറണം. അതിനു ശേഷം ടീച്ചര്‍ ക്ലാസിലെത്തണം. ടീച്ചര്‍ ക്ലാസിലെത്തിക്കഴിഞ്ഞ ശേഷം മാത്രമെ പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറാവൂ. ക്ലാസ് വിടുമ്പോള്‍ ആദ്യം പോകേണ്ടതും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ നോക്കിയാല്‍ അഞ്ഞൂറു രൂപയാണ് ഫൈന്‍.

ക്ലാസ് റൂമില്‍ നോട്ട്ബുക്ക് ഉപയോഗിക്കരുതെന്നാണ് ചെയര്‍മാന്റെ നിയമം. എല്ലാവരും വെള്ളക്കടലാസില്‍ എഴുതി ഫയല്‍ ചെയ്തു സൂക്ഷിക്കണം. ക്ലാസ് സമയത്തു വെള്ളക്കടലാസ് പറന്നു പോയാല്‍ അതിനും ശിക്ഷയുണ്ട്. ഇനി കടലാസ് പറക്കാന്‍ അനുവദിക്കില്ലെന്നു പത്തുതവണയെഴുതി ക്ലാസ് ടീച്ചറെ കാണിക്കണം. ആണ്‍കുട്ടികളിലൊരാളിന്റെ പേപ്പര്‍ പറന്നു പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് പോയി എന്നു കരുതുക. പെണ്‍കുട്ടികള്‍ക്ക് പേപ്പറില്‍ തൊടാന്‍ പാടില്ല. ക്ലാസ് ടീച്ചര്‍ വന്നു പേപ്പര്‍ എടുത്തുകൊടുക്കണം.

അദ്ധ്യാപകരോടു സംസാരിക്കുന്നതു വരെ വിലക്കിയിരിക്കുകയാണ്. സംശയങ്ങള്‍ ചോദിച്ചാലും ടീച്ചര്‍മാര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അകലം പാലിക്കും; സംസാരിക്കുന്നതു ചെയര്‍മാന്‍ വിലക്കിയിട്ടുണ്ടെന്നും പറയും.

കോളേജ് ചെയര്‍മാന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എപ്പോഴും കയറിവരുമെന്ന് ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. രാത്രി എട്ടര കഴിയുന്നതോടെയാണ് അയാള്‍ വരുന്നത്. നമ്മള്‍ ഏതുവേഷത്തിലാണോ അതുപോലെ നിന്നോളണം. നൈറ്റ് ഡ്രസ് ഇടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു ഷാള്‍ പോലും ഇടാന്‍ സമ്മതിക്കില്ല. പെണ്‍കുട്ടികളുടെ ടീഷര്‍ട്ടിലെ ഡയലോഗുകള്‍ മറ്റുള്ള കുട്ടികളെക്കൊണ്ട് വായിപ്പിച്ച് അര്‍ത്ഥം പറയിപ്പിക്കുക, നിലത്തു കിടക്കുന്ന സാധനങ്ങൾ കുനിഞ്ഞ് എടുപ്പിക്കുക, തുടങ്ങിയ വഷളന്‍ പരിപാടികളാണു ചെയര്‍മാന്‍ സ്ഥിരം നടത്തുന്നത്. മൂന്നാം വര്‍ഷ വിദ്യര്‍ത്ഥിനിയെയാണു ഹോസ്റ്റല്‍ വാര്‍ഡന്‍ ആക്കി നിയമിച്ചിരിക്കുന്നത്. ചെയര്‍മാന്‍ സംസാരിക്കുമ്പോള്‍ തിരിഞ്ഞുനോക്കാന്‍ പോലും പാടില്ലെന്നാണു നിയമം. എതിര്‍ത്തു സംസാരിച്ച പെണ്‍കുട്ടിയോടു നീ പഠിക്കേണ്ടവളല്ല, വല്ല റെഡ്‌സ്ട്രീറ്റിലും ജോലി അന്വേഷിക്കൂവെന്നു ചെയര്‍മാന്‍ ആക്ഷേപിച്ചതായി ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു.

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രണ്ടു കട്ടില്‍ ഒരുമിച്ചിടാന്‍ ചെയര്‍മാന്‍ സമ്മതിക്കില്ല. ‘മറ്റെ പരിപാടി’ ഇവിടെ നടക്കില്ലെന്ന് അയാള്‍ പറയുമെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. നാലായിരം രൂപ ഹോസ്റ്റല്‍ ഫീസ് നല്‍കുന്ന ഞങ്ങള്‍ക്ക് രാവിലെ ഇഡ്‌ലിയും ഉച്ചയ്ക്ക് ചോറും മോരുമാണു നല്‍കുന്നത്. വൈകുന്നേരം ഉച്ചയ്ക്കുണ്ടാക്കിയ ചോറും മോരും തന്നെ തരും. രാവിലെ മാത്രമാണു ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നത്. ചിലപ്പോള്‍ വീട്ടില്‍ നിന്ന് അച്ഛന്‍ ഡ്രസിനകത്തു വച്ചു പൊതിഞ്ഞു ഭക്ഷണം കൊണ്ടുവന്നു തരും. അത് ആരും കാണാതെ കുളിമുറിയില്‍ പോയിരുന്നാണു കഴിക്കുന്നത്. പുറത്തുനിന്നു ഭക്ഷണം കൊണ്ടുവന്നത് അറിഞ്ഞാല്‍ അതിനും ചീത്തവിളി കേള്‍ക്കേണ്ടിവരും. കോളേജ് ഹോസ്റ്റലില്‍ ലഭിക്കുന്ന ഭക്ഷണവും വെള്ളവും മോശമാണ്. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ത്വക്ക് രോഗങ്ങളുണ്ട്.

അഡ്മിഷന്‍ എടുത്ത സമയത്തു പ്രാര്‍ത്ഥിക്കാനും പള്ളിയില്‍ പോകാനുളള സൗകര്യവും ചെയ്തുതരാമെന്നു കോളേജ് അധികൃതര്‍ വാക്കുതന്നിരുന്നതാണെന്ന് പെരുമ്പാവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി പറഞ്ഞു. എന്നാല്‍ ഹോസ്റ്റലില്‍ അതിനുള്ള സൗകര്യമില്ലാത്തതില്‍ ഞാന്‍ പരാതിപ്പെട്ടു. പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞ എന്നെ മുസ്ലിം തീവ്രവാദിയാക്കിയാണു ചെയര്‍മാന്‍ അവതരിപ്പിച്ചത്. എല്ലാ വിദ്യാര്‍ത്ഥികളുടേയും മുന്നില്‍ വച്ചു ഞാനൊരു മതതീവ്രവാദിയാണെന്നും കോളേജില്‍ മോസ്‌ക് പണിയാന്‍ വന്നതാണെന്നും പരിഹസിച്ചു. കുറെയായതോടെ വീട്ടില്‍ പറഞ്ഞു. ചോദിക്കാന്‍ വന്ന വാപ്പായേയും മാമായേയും അയാള്‍ പരിഹസിച്ചു- താന്‍ അവിടുത്തെ പഠിത്തം അവസാനിപ്പിച്ചുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

കഴിഞ്ഞ ക്രിസ്മസിന് അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍ സ്വമേധയാ വീട്ടില്‍ പോയിരുന്നു. ആറാം തീയതി പരീക്ഷയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ രണ്ടാം തീയതി കോളേജിലെത്തണമെന്നും അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചു. രണ്ടാം തിയതി കോളേജിലെത്തിയ വിദ്യാര്‍ത്ഥികളോടു മൂവായിരം രൂപ ഫൈന്‍ അടച്ചാല്‍ മാത്രമെ കോളേജില്‍ കയറ്റുകയുള്ളു എന്നു ചെയര്‍മാന്‍ അറിയിച്ചു. ഫൈന്‍ അടയ്ക്കാത്തതിന്റെ പേരില്‍ വയനാടു സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു. വൈകുന്നേരം അഞ്ചരോടെയായിരുന്നു ഇറക്കിവിടല്‍. പോകാനിടമില്ലാതെ മാതാപിതാക്കളെ വിളിക്കാന്‍ മൊബൈല്‍ ഫോൺ പോലുമില്ലാതെ കുട്ടികള്‍ ഗേറ്റിനു മുമ്പില്‍ നിന്നു കരഞ്ഞു.

മകനെ കൊണ്ടു വിടാന്‍ വന്ന കൊല്ലം സ്വദേശിയായ ഒരു പിതാവാണ് കരയുന്ന കുട്ടികളോട് കാര്യം തിരക്കിയതും മാതാപിതാക്കളെ വിളിക്കാന്‍ ഫോണ്‍ നല്‍കിയതും. തുടര്‍ന്നാണ് വയനാട് സ്വദേശികളുടെ കോട്ടയത്തുള്ള ബന്ധുക്കളെത്തിയാണ് കുട്ടികളെ കൂട്ടിക്കൊണ്ടു പോയത്. ഇതേത്തുടര്‍ന്ന് കുറച്ചു മാതാപിതാക്കള്‍ സംഘടിച്ചു പൊലീസിന്റെയും ജനപ്രതിന്ധികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടേയും സാന്നിധ്യത്തില്‍ കോളേജ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചകളില്‍ രക്ഷിതാക്കളുടെ 21 ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും ടോം ടി ജോസഫ് ഉറപ്പു നല്‍കി. എന്നാല്‍ ചര്‍ച്ചയില്‍ പാസാക്കിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ധാരണാപത്രത്തില്‍ ഒപ്പു വെയ്പിക്കാന്‍ ചെന്ന മാതാപിതാക്കളുടെ നേരെ ചീത്ത വിളിക്കുകയാണ് ചെയര്‍മാന്‍ ചെയ്തതെന്നു കൊല്ലം സ്വദേശിയായ പിതാവ് പറഞ്ഞു.

അതോടെ ഞങ്ങള്‍ സംഘടിച്ച് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നു മാറ്റാന്‍ ശ്രമിച്ചു. കനത്ത നഷ്ടപരിഹാരമാണ് കോളേജിന്റെ ഭാഗത്തു നിന്ന് ആവശ്യപ്പെടുന്നത്. എന്റെ സ്ഥാപനമാണ്, എനിക്കു തോന്നുന്നത് ചെയ്യും. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എനിക്കു തോന്നുമ്പോള്‍ കയറുമെന്നാണ് ചെയര്‍മാന്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ മുന്നില്‍ വച്ചു പറഞ്ഞത് – രക്ഷകര്‍ത്താവ് പറയുന്നു.

പലരും കോളേജിനെ കുറിച്ച് അന്വേഷിക്കാതെയാണ് മക്കളെ മറ്റക്കരയിലെ എഞ്ചീനീയറിംഗ് കോളേജില്‍ ചേര്‍ക്കുന്നതെന്നു ഒരു രക്ഷിതാവ് പറഞ്ഞു. തലവച്ചുകഴിഞ്ഞാണ്, മുതലയുടെ വായിലാണു മക്കളെ കൊണ്ടുപോയി കൊടുത്തതെന്നു മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. പലരും ലോണും കടവുമെടുത്താണ് മക്കളെ പഠിപ്പിക്കുന്നത്. കോഴ്‌സിനു ചേര്‍ത്തുകഴിഞ്ഞാല്‍ പിന്നെ അവരു പറയുന്ന ഫീസാണ്, ഫൈനാണ്. പലതിനും രസീതു പോലും തരില്ല. മക്കളോടു സംസാരിക്കാന്‍ പോലും സമ്മതിക്കാറില്ല. ഈ കോളേജിലെ പഠിത്തം വേണ്ടെന്നു വച്ചാലോ, അഞ്ചു ലക്ഷം രൂപ തരാതെ സര്‍ട്ടിഫിക്കറ്റും ടിസിയും തരില്ലെന്നു ചെയര്‍മാന്‍ ഭീഷണിപ്പെടുത്തും. പൊലീസ് പോലും ചെയര്‍മാനെതിരെ കേസെടുക്കാന്‍ മടിയാണ് – മറ്റൊരു രക്ഷകര്‍ത്താവ് പറഞ്ഞു.

കടപ്പാട്: നാരദാ ന്യൂസ്

വ്യത്യസ്തമായ വാർത്തകൾ വായിക്കാം...

 
Last modified on 11/01/2017

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.