Print this page

ദിലീപിനും നാദിർഷയ്‌ക്കും ക്ലീൻചീറ്റ് നൽകിയിട്ടില്ല; അന്വേഷണം തുടരും...

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും നീണ്ട ചോദ്യം

ചെയ്യലിനുശേഷം പൊലീസ് വിട്ടയച്ചെങ്കിലും കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. 13 മണിക്കൂറോളം ആലുവ പൊലീസ് ക്ലബിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ മൊഴിയെടുക്കൽ നടന്നു. ബുധനാഴ്ച ഉച്ചയ്ക്കു 12.30ന് തുടങ്ങിയ ചോദ്യം ചെയ്യൽ വ്യാഴാഴ്ച പുലർച്ചെ 1.15നാണു അവസാനിച്ചത്. അതേസമയം, അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഇനിയും കാര്യങ്ങള്‍ വ്യക്തമാവേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യല്‍ നടന്നത് ആറുമണിക്കൂര്‍ മാത്രമാണ്. പിന്നീടു ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരെയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പൊലീസിനോടു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താൻ വളരെ ആത്മവിശ്വാസത്തിലാണെന്നും പുലർച്ചെ പൊലീസ് ക്ലബിൽനിന്നു പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു.

ഇന്നു കൊച്ചിയിൽ നടക്കുന്ന 'അമ്മ' ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു. ബുധനാഴ്ച ദിലീപ് ഇല്ലാതെയാണു അമ്മ എക്സിക്യുട്ടീവ് യോഗം ചേർന്നത്. ചെന്നൈയിൽ ആയതിനാൽ നടി രമ്യാ നമ്പീശനും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇന്നു നടക്കുന്ന അമ്മ വാർഷികയോഗത്തിൽ നടി അക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യുമെന്നു ഇടവേള ബാബു അറിയിച്ചു. എക്സിക്യുട്ടീവ് യോഗത്തിലും വിഷയം ചർച്ചയായതായി അദ്ദേഹം പറഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് ദിലീപിനെയും നാദിർഷയെയും പൊലീസ് ക്ലബിലേക്കു വിളിച്ചുവരുത്തിയത്. നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ചിലർ പണംതട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ മൊഴിയെടുക്കാനാണു വിളിച്ചുവരുത്തിയതെന്നായിരുന്നു ആദ്യവിവരം. പിന്നീടാണു നടിയെ ആക്രമിച്ചതുമായും ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യുകയാണെന്ന സൂചനകൾ പുറത്തുവന്നത്.

പുലർച്ചെ ഒന്നേകാലോടെയാണു ദിലീപും നാദിർഷയും ആലുവ പൊലീസ് ക്ലബിനു പുറത്തെത്തിയത്. വിശദമായ മൊഴിയെടുക്കലാണു നടന്നതെന്നു ദിലീപ് പറഞ്ഞു. ‘പൊലീസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസുമായി സംസാരിച്ചു. ചോദ്യം ചെയ്യലല്ല നടന്നത്. വിശദമായ മൊഴിയെടുക്കലാണ്. സത്യം പുറത്തു വരേണ്ടതു തന്റെയും ആവശ്യമാണ്’- ദിലീപ് പറഞ്ഞു. അതേസമയം, ദിലീപിനും നാദിർഷയ്ക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. കേസ് അന്വേഷണം തുടരുകയാണ്. ആവശ്യമെങ്കിൽ ഇരുവരെയും വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു.

ദിലീപിനെയും നാദിർഷയെയും 12 മണിക്കൂറുകൾക്കു ശേഷവും വിട്ടയയ്ക്കാത്തതിനെത്തുടർന്നു നടൻ‌ സിദ്ദിഖ് ആലുവ പൊലീസ് ക്ലബിൽ എത്തിയിരുന്നു. അദ്ദേഹത്തിനു പക്ഷേ, ഇരുവരെയും കാണാനായില്ല. ആരും വിളിച്ചിട്ടുവന്നതല്ലെന്നും സഹപ്രവർത്തകൻ എന്ന നിലയ്ക്കു വന്നതാണെന്നും സിദ്ദിഖ് പറഞ്ഞു. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം മൊഴി നൽകി പുറത്തുവരുമെന്നു കരുതിയ ദിലീപിനെയും നാദിർഷയെയും ഇത്ര നേരമായിട്ടും കാണാത്തതിനെ തുടർന്നാണു എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ഇരുവരെയും കാണാനാവില്ലെന്നു പൊലീസ് അറിയിച്ചതിനെത്തുടർന്നു സിദ്ദിഖ് മടങ്ങി. നാദിർഷയുടെ സഹോദരൻ സമദും പൊലീസ് ക്ലബിൽ സിദ്ദിഖിനൊപ്പം എത്തിയിരുന്നു. സമദിനെ പിന്നീടു ക്ലബിനു അകത്തേക്കു പൊലീസ് കൂട്ടിക്കൊണ്ടുപോയി. ദിലീപിനും നാദിർഷയ്ക്കും ഒപ്പമാണു സമദ് പുറത്തിറങ്ങിയത്.

ദിലീപിനെയും നാദിർഷയെയും ആദ്യം ഒന്നിച്ചിരുത്തിയും രണ്ടാം ഘട്ടത്തിൽ വെവ്വേറെ ഇരുത്തിയുമാണു പൊലീസ് മൊഴിയെടുത്തത്. ബ്ലാക്മെയിൽ, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും മൊഴിയെടുത്തതായാണു വിവരം. ഇരുവരും സഹകരിച്ചെന്നു പൊലീസ് അറിയിച്ചു. ദിലീപ് തനിക്കറിയാവുന്ന നിരവധി കാര്യങ്ങൾ പറഞ്ഞെന്നാണു സൂചന. പൾസർ സുനി പറഞ്ഞതുൾപ്പെടെ നിരവധി കാര്യങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞെന്നാണു സൂചന. അതേസമയം, മാധ്യമ വിചാരണയ്ക്കു നിന്നുകൊടുക്കാൻ നേരമില്ലെന്നു പൊലീസ് ക്ലബിലേക്കു പോകുംമുൻപു ബുധനാഴ്ച ഉച്ചയ്ക്കു ദിലീപ് പറഞ്ഞു.

Share this article

Tagged under

Related items