ഇതാ വ്യത്യസ്തയുള്ള ചായകൾ, രുചിയോടെ കുടിക്കാൻ

ലോകമെമ്പാടും ഇഷ്ടപ്പെടുന്ന ഒരു പാനീയമാണു ചായ. കാരണം മനസിനും ശരീരത്തിനും ഒരുപോലെ ഉണർവു പകരാൻ ചായയ്ക്കു കഴിയും.

എല്ലാ നാട്ടിലും ചായ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയെല്ലാം വ്യത്യസ്ത രുചികളിലാണ്. ചൈനാക്കാരാണ് ആദ്യം ചായ കണ്ടുപിടിച്ചത്. പിന്നീട് അത് മറ്റു രാജ്യങ്ങളിലേക്കും പരന്നു. മുൻപൊക്കെ ഒരു സാധാരണ ചായയിൽ ആളുകൾ തൃപ്തിപ്പെടുമായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ സ്വൽപം പരിഷ്കാരങ്ങളൊക്കെ വരുത്തി ടേസ്റ്റും ഫ്ളേവറും മാറ്റി കുടിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതാ വ്യത്യസ്തയുള്ള ചായകൾ കുടിച്ചു നോക്കൂ

ചൈനീസ് ഊലോംഗ് ടീ

ചേരുവകൾ
ഊലോംഗ് ചായ ഇല– 2 ടീസ്പൂൺ
തിളച്ച വെള്ളം– രണ്ടുകപ്പ്
പഞ്ചസാര– 3 ടീസ്പൂൺ
നാരങ്ങാനീര്– പകുതി നാരങ്ങയുടേത്.
തയാറാക്കുന്ന വിധം
ഒരു ടീ ജഗ് തിളച്ച വെള്ളത്തിൽ കഴുകിയെടുക്കുക. ഇതിലേക്ക് ചായ ഇല ഇട്ട് രണ്ടുകപ്പു തിളച്ച വെള്ളം ഒഴിച്ച് അഞ്ചുമിനിറ്റു നേരം ജഗ് അടച്ചുവയ്ക്കുക. പിന്നെ പഞ്ചസാരയും നാരങ്ങാനീരും ചേർത്തിളക്കി കപ്പിലേക്ക് അരിച്ച് ഒഴിക്കുക.
പഞ്ചസാരയും നാരങ്ങയും ഐച്ഛികമാണ്. ചൈനക്കാർ ഇതു രണ്ടും ഉപയോഗിക്കാറില്ല.

സ്പൈസ് ടീ

ചേരുവകൾ
പട്ട, ഏലക്കായ്, ഗ്രാമ്പു, കുരുമുളക് (ചതച്ചത്)– ഓരോ ടീസ്പൂൺ വീതം
വെള്ളം – നാലുകപ്പ്
ചായപ്പൊടി – രണ്ടു ടീസ്പൂൺ
തയാറാക്കുന്ന വിധം
ചതച്ചുവച്ചിരിക്കുന്ന പട്ട, ഏലക്കായ്, ഗ്രാമ്പു, കുരുമുളക് എന്നിവയും ചായപ്പൊടിയും വെള്ളത്തിൽ ഇട്ട് തിളപ്പിച്ചെടുക്കുക. അൽപനേരം മൂടിവച്ച് അരിച്ചെടുത്ത് കപ്പുകളിലേക്കു വിളമ്പുക. ഇത് ചുമയ്ക്കും പനിക്കും നല്ലതാണ്.

അറബിക് സ്പൈസ് ടീ

ചേരുവകൾ
വെള്ളം – മൂന്നുകപ്പ്
പാൽ – ഒരുകപ്പ്
തേയില – മൂന്നു ടീസ്പൂൺ
ഏലക്കായ – നാല് എണ്ണം
ഗ്രാമ്പു– നാല് എണ്ണം
പട്ട – ഒരു കഷണം
ജാതിക്കപ്പൊടി – കാൽ ടീസ്പൂൺ
പഞ്ചസാര– ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെള്ളവും പാലും തിളപ്പിച്ച് അതിലേക്ക് മറ്റെല്ലാം കൂടി ഇട്ട് രണ്ടുമിനിറ്റിനു ശേഷം തീകെടുത്തി മൂടിവയ്ക്കുക. സ്പൈസസിന്‍റെ രുചി ഇതിൽ വന്നുകഴിഞ്ഞാൽ അരിച്ചെടുത്ത് കപ്പുകളിലേക്കു പകർത്താം. ഇതൊരു സ്പെഷൽ ഹെൽത്ത് ഡ്രിങ്ക് ആണ്.

ഇന്ത്യൻ ചായ

ചേരുവകൾ
നല്ലയിനം തേയില– രണ്ടു ടീസ്പൂൺ
വെള്ളം– ഒന്നരക്കപ്പ്
പാൽ– അരക്കപ്പ്
പഞ്ചസാര– മൂന്നു ടീസ്പൂൺ
തയാറാക്കുന്ന വിധം
പാലും വെള്ളവും കൂടി തിളപ്പിച്ച് ഇതിലേക്ക് ചായപ്പൊടി ഇട്ട് ഇളക്കി, അൽപനേരം മൂടിവയ്ക്കുക. പിന്നെ അരിച്ചെടുത്ത് പഞ്ചസാര ചേർത്തിളക്കി കപ്പുകളിലേക്ക് ഒഴിച്ച് വിളമ്പാം.

ലെമൺ ടീ

ചേരുവകൾ
ടീബാഗ്– ഒന്ന്
നാരങ്ങാനീര്– പകുതി നാരങ്ങയുടേത്
പഞ്ചസാര– രണ്ടു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
രണ്ടുകപ്പ് വെള്ളത്തിൽ ഒരു ടീബാഗ് ഇട്ട് തിളച്ചാൽ ഇറക്കിവയ്ക്കുക. വെള്ളം നിറം മാറിയാൽ ടീബാഗ് എടുത്തുമാറ്റാം. ഇതിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ചേർത്തിളക്കി ചൂടോടെ കഴിക്കാം. അല്ലെങ്കിൽ ഫ്രിഡ്ജിൽവച്ച് തണുപ്പിച്ച് ഐസ്ക്യൂബ് ഇട്ട് കോൾഡ് ലെമൺ ടീ ആയിട്ടും കുടിക്കാം.

ഫ്രൂട്ട് ടീ

ചേരുവകൾ
ലിപ്റ്റന്‍റെ ടീ ബാഗ്– 3 എണ്ണം
മാതള ജ്യൂസ്– ഒരു കപ്പ്
വെള്ളം– മൂന്നുകപ്പ്
ഐസ് കട്ടകൾ– ആവശ്യത്തിന്
തയാറാക്കുന്ന വിധം
മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് ടീബാഗുകൾ ഇട്ട് അഞ്ചുമിനിറ്റു നേരം മൂടിവയ്ക്കുക. അതിനുശേഷം ടീബാഗുകൾ എടുത്തുമാറ്റി അത് മൂടിവച്ച് തണുപ്പിക്കാൻ അൽപനേരം വയ്ക്കുക. ഇത് ടീ ബാഗിലേക്കു മാറ്റി മാതള ജ്യൂസ് ഒഴിക്കുക. നാലുഗ്ലാസുകളിലേക്കു കുറച്ച് ഐസ്കട്ടകൾ ഇട്ട് ഈ ഫ്രൂട്ട് ടീ നാലായി ഭാഗിച്ച് ഒഴിക്കുക. ഫ്രൂട്ട് ജ്യൂസിൽ ആവശ്യത്തിന് മധുരം കാണും. അതുകൊണ്ട് പഞ്ചസാര വേണമെന്നില്ല.

പുതിനയില ചായ

ചേരുവകൾ
താജ്മഹൽ ടീ ബാഗുകൾ– മൂന്ന് എണ്ണം
തിളപ്പിച്ച വെള്ളം – രണ്ടര കപ്പ്
തണുത്തവെള്ളം – രണ്ടര കപ്പ്
പുതിനയില – ഒരുപിടി
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം
കുറച്ച് ഐസ്ക്യൂബും പുതിനയിലയും ടീ ബാഗുകളും തിളച്ച വെള്ളത്തിലേക്ക് ഇടുക. അഞ്ചുമിനിറ്റു നേരം അടച്ചുവയ്ക്കുക. പിന്നെ ബാഗുകൾ മാറ്റി ഇത് അരിച്ചെടുക്കുക. പുതിനയില നല്ലതു പോലെ പിഴിഞ്ഞെടുക്കണം. ഇതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് ഗ്ലാസുകളിലേക്ക് ഒഴിക്കുക. കൂടെ ഐസ്ക്യൂബും ചേർത്ത് വിളമ്പാം. ഇത് ജലദോഷത്തിനു നല്ലതാണ്.

കുങ്കുമപ്പൂവ് ഏലക്കായ് ചായ

ചേരുവകൾ
ആസാം ടീബാഗുകൾ– നാല് എണ്ണം
വെള്ളം– നാലുകപ്പ്
പാൽ– അര കപ്പ്
ഏലക്കായ് ചതച്ചത്–അഞ്ചെണ്ണം
കുങ്കുമപ്പൂവ്– ഒരുനുള്ള് (രണ്ടു ടേബിൾസ്പൂൺ വെള്ളത്തിൽ ഇട്ടത്)
പഞ്ചസാര– ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ വെള്ളവും പാലും ഏലക്കായും കുങ്കുമപ്പൂവുംകൂടി തിളപ്പിക്കുക. തിളച്ചുകഴിഞ്ഞ് തീ കുറച്ച് അൽപനേരംകൂടി അടുപ്പിൽത്തന്നെ വയ്ക്കുക. നിറം മാറി ഏലക്കായുടെ മണം വന്നാൽ അടുപ്പിൽനിന്ന് മാറ്റുക. ഇതിലേക്ക് ടീ ബാഗുകൾ ഇട്ട് മൂടിവയ്ക്കുക. ചായയുടെ കറ ഇറങ്ങിയാൽ ബാഗുകൾ മാറ്റാം. ഉടനെ കപ്പുകളിലേക്ക് ആവശ്യത്തിനു പഞ്ചസാര ചേർത്ത് അരിച്ചു പകർത്താം.

ജാസ്മിൻ സിന്നാമൻ ടീ (ചൈനീസ്)

ചേരുവകൾ
ജാസ്മിൻ ടീ ബാഗ് (മുല്ലപ്പൂവ് ഉണക്കി പൊടിച്ച് തേയിലയിൽ ചേർക്കുന്ന ടീ ബാഗ്) – ഒരെണ്ണം
തേൻ– രണ്ടു ടീസ്പൂൺ
പട്ട –രണ്ടു ചെറിയ കഷണം
വെള്ളം– രണ്ടര കപ്പ്
തയാറാക്കുന്ന വിധം
രണ്ടരകപ്പ് വെള്ളവും തേനുംകൂടി തിളപ്പിക്കുക. ഇതിലേക്ക് ടീ ബാഗുകളും പട്ടയും ചേർക്കുക. അതിനുശേഷം തീ കെടുത്തി മൂന്നു മിനിറ്റ് നേരം മൂടിവയ്ക്കുക. അടപ്പു തുറക്കുമ്പോൾ മുല്ലപ്പൂവിന്‍റെ പരിമളം പരക്കും. പിന്നീടു കപ്പുകളിലേക്ക് പട്ടയും ടീബാഗും മാറ്റിയിട്ട് പകർത്താം. ഈ ചായ കുടിച്ചാൽ തലവേദനയും മാനസികസമ്മർദ്ദവും പോകുമെന്നാണ് ചൈനക്കാർ പറയുന്നത്.

ചൈനീസ് പാവയ്ക്ക ചായ

ചേരുവകൾ
പാവയ്ക്ക ഉപ്പില്ലാതെ
ഉണക്കിയത്– ഒരു പിടി
ചായപ്പൊടി– രണ്ടു ടീസ്പൂൺ
വെള്ളം– രണ്ടര കപ്പ്
തയാറാക്കുന്ന വിധം
ആദ്യത്തെ രണ്ടു ചേരുവകളും കൂടി രണ്ടര കപ്പ് വെള്ളത്തിൽ തിളപ്പിച്ചു കപ്പുകളിലേക്ക് പകർത്തി ചൂടോടെ കുടിക്കാം. ഇത് ഒരു കഷായച്ചായ പോലെയാണ്. ജലദോഷം, ചുമ, പനി എന്നിവയ്ക്കൊക്കെ നല്ലതാണ്.

Share this article

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.